Sunday, April 8, 2012

കഥ-സൂചന


കഥ
സൂചന....
സൂര്യന്‍ കരുണയില്ലാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. തൊണ്ടപൊട്ടിക്കരയുന്ന കാക്ക ഒന്നുകൂടെ കറുത്തിരിക്കുന്നു. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വസ്ത്രമഴിച്ച യുവാവിനെപ്പോലെ മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നില്‍ക്കുന്നു. ഇലകളില്ലാത്ത മരത്തിനു കീഴെ ഒരു വിഡ്ഢിയെപ്പോലെ അവള്‍ നിന്നു. അവള്‍ക്കിനി നഷ്ടപ്പെടാനൊന്നുമില്ല. നേടാനേറെയുണ്ടുതാനും.
അവള്‍ നീലാംബരി. അവളുടെ അഴകേറിയ കണ്ണുകള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. എണ്ണ കാണാത്ത അവളുടെ മുടിയിഴകള്‍ക്ക് കറുപ്പുനിറം പതുക്കെ നഷ്ടമാകുന്നു. നിറം മങ്ങിയ മുഷിഞ്ഞ വസ്ത്രം അവളുടെ ആത്മവിശ്വാസത്തെ തളര്‍ത്തിക്കളഞ്ഞു. അവളുടെ തളര്‍ന്ന മേനി, താങ്ങില്ലാത്ത മുല്ലവള്ളിയായി. അവളുടെ നഗ്നപാദങ്ങള്‍ക്ക് തിളച്ചുമറിയുന്ന ചരല്‍ക്കല്ലുകളെ ചെറുക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ദാഹിച്ചുനിന്ന ഭൂമി അവള്‍ പൊഴിച്ച ഉപ്പുവെള്ളത്തെ അതിവേഗം അകത്താക്കി. നീലാംബരി നേരെ നോക്കി, വിദൂരതയിലേക്ക്......
മാസങ്ങള്‍ക്ക് മുമ്പ് തന്റെ അച്ഛനമ്മമാരോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞ നാളുകള്‍ അവളുടെ മനസ്സില്‍ പിച്ചവച്ചെത്തി.
അന്ന് അവരുടെ മുറ്റം നിറയെ വെള്ളമായിരുന്നു. അവളതില്‍ വഞ്ചിയുണ്ടാക്കിക്കളിച്ചു. വേനല്‍ വിരുന്നിനെത്തിയത് പെട്ടെന്നായിരുന്നു. നൂരുകണക്കിനാളുകള്‍ തൊണ്ടപൊട്ടി മരിച്ചു. കന്നുകാലികളുടെ എല്ലിന്‍കഷ്ണങ്ങള്‍ അങ്ങിങ്ങായികാണപ്പെട്ടു. നീലാംബരിയുടെ തൊണ്ട നനക്കാന്‍ ആവതും ശ്രമിച്ച അച്ഛനും അമ്മയ്ക്കും മകളുടെ ദാഹത്തേക്കാള്‍ വലുതായിരുന്നില്ല അവരുടെ ജീവന്‍. ഇനിയെന്ത്? എങ്ങനെ? എന്നൊന്നും അവള്‍ക്കറിയില്ല.
മണല്‍ പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞുവന്നൊരു വെളുത്ത കാറാണ് അവളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. വിയര്‍ത്തൊലിച്ച ശരീരവുമായി അവള്‍ എഴുന്നേറ്റു നിന്നു. കാറില്‍ നിന്നും ഇറങ്ങിയത് സ്യൂട്ട് ധരിച്ച കുട്ടപ്പന്മാമാര്‍ അവള്‍ കാത്തുനിന്നു. ദൂരേക്ക് ചൂണ്ടിക്കൊണ്ട് അവര്‍ പരസ്പരം എന്തൊക്കെയോ പരഞ്ഞു. അവള്‍ക്കൊന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. വെളുത്ത കാറിന്റെ ചില്ലിനു പുറത്തെഴുതിയ അക്ഷരങ്ങള്‍ അവള്‍ കൂട്ടി വായിച്ചു. 'കൊക്കൊക്കോള നോര്‍ത്ത് ബ്രാഞ്ച്.' തൊട്ടടുത്ത പൈപ്പില്‍ നിന്നും കണ്ണും പൂട്ടി അവള്‍ ഒരു കവിള്‍ വെള്ളം കുടിച്ചു. വായ മുതല്‍ അടിവയറുവരെ വെന്തുരുകി. നീലാംബരി വെറും നിലത്ത് കിടന്നു. പിറ്റേന്നത്തെ പ്രഭാതം കാണാന്‍ അവളുണ്ടായിരുന്നില്ല.
അവളുടെ മൃതദേഹം പറഞ്ഞു: 'ഇതൊരു സൂചന മാത്രം.'

No comments: