Sunday, April 8, 2012

പുസ്തകാസ്വാദനം-ആടുജീവിതം


പുസ്തകാസ്വാദനം
പുസ്തകം :ആടുജീവിതം
ഗ്രന്ഥകാരന്‍ :ബെന്യാമിന്‍
വിഭാഗം :നോവല്‍
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.'ഈ വാചകം പുസ്തകത്തിന്‍റെ പുറം കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സിലും.!!പുഴയില്‍ നിന്നും മണല്‍വാരി ജീവിച്ചരുന്ന നജീബ്.എന്തെല്ലാം സ്വപ്നങ്ങളോടെയാണവന്‍ വിമാനംകയറിയത്.ഒരു നിമിഷം,ഒരൊററ നിമിഷം കൊണ്ട് എല്ലാം ചാമ്പലായില്ലേ!ജീവിക്കാനാഗ്രഹിക്കുന്ന ഒരു മനുഷ്യന്‍റെ കഥ-ആടുജീവിതം!ആത്മകഥാരൂപത്തില്‍ രചിച്ചിരിക്കുന്ന നോവല്‍.പച്ചയായ ജീവിതം ഈ നോവലില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിച്ചിരിക്കുന്നു.
ജയില്‍ശിക്ഷയാഗ്രഹിക്കുന്ന നജീബ്,ഹമീദ് എന്നിവരില്‍ നിന്നും കഥ ആരംഭിക്കുന്നു.അങ്ങനെ ജയിലില്‍ അകപ്പെടുന്ന നജീബിന്‍റെ ഫ്ലാഷ്ബാക്ക്-അതാണ് കഥ.
വളരെയേറെ സ്വപ്നങ്ങളോടുകൂടി വിമാനം കയറുന്ന യുവാവ്,ഒപ്പം നാട്ടുകാരനായ ഹക്കീമും.അര്‍ബാബ് അഥവാ സ്പോണ്‍സര്‍ അവരെ കൂട്ടിക്കൊണ്ടുപോയത് മരുഭൂമിയിലേക്ക്.അവിടെ ആടുവളര്‍ത്തല്‍ ജോലി.
ഹക്കീമിന്‍റെ ജോലി അല്‍പ്പം ദൂരെ മരുഭൂമിയില്‍ത്തന്നെ.പിന്നെ കഷ്ടപ്പാടുകള്‍-പുലര്‍ച്ച മുതല്‍ അര്‍ദ്ധരാത്രിവരെയുള്ള കഠിനാദ്ധ്വാനം.
വെള്ളമുപയോഗം കുടിക്കാന്‍ മാത്രം.മലവിസര്‍ജ്ജനത്തിനു ശേഷം പോലും
വെള്ളം തൊട്ടുപോകരുത്.ഭക്ഷണം മൂന്നു നേരവും ഒന്നു തന്നെ-ഖുബ്ബൂസ്.കറിയോ മറെറാന്നുമില്ല.ഒടുവില്‍ അറബി സ്ഥലത്തില്ലാത്ത സമയം നോക്കി നജീബും ഹക്കീമും മറെറാരുവനും കൂടി അവിടെ നിന്നും രക്ഷപ്പെട്ടു.പക്ഷെ അനന്തമായ മരുഭൂമിയില്‍ അവര്‍ അലഞ്ഞു.വഴിയില്‍ ഹക്കീം ദാഹിച്ചുമരിച്ചു.ഒടുവില്‍ നജീബും കൂട്ടുകാരനും വെള്ളം കണ്ടെത്തി.
അങ്ങനെ മെയിന്‍റോഡും.ഒരു പ്രഭാതത്തില്‍ കൂട്ടുകാരനെ കാണാതായി.
ഒരു മലയാളിയുടെ കാരുണ്യത്തില്‍ ആരോഗ്യം വീണ്ടെടുത്ത നജീബ് പിന്നെ ഈ ജയിലില്‍.ഇടയ്ക്കിടെ വരുന്ന എംബസിക്കാര്‍ ഓരോ ആളെ നാട്ടിലേക്ക് പോകാന്‍ അവസരം നല്‍കും.അങ്ങനെ നജീബും രക്ഷപ്പെടുന്നു.
നാം കാണുന്നത് മാത്രമല്ല ലോകം,അതു മാത്രമല്ല ജീവിതവും.നമ്മുടെ കരളലിയിക്കുന്ന നാം കാണാത്ത എത്രയോ ജീവിതങ്ങള്‍ എത്രയോ ഈ ലോകത്തുണ്ട്.'ഗദ്ദാമ' എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രത്തെയും നജീബിനെയും താരതമ്യം ചെയ്താല്‍ കണ്ണീരു വററാത്ത പ്രവാസി ജീവിതം ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാം.
ഹൃദയസ്പര്‍ശിയായ ഈ നോവല്‍ എത്രവട്ടം കണ്ണു നനയ്ക്കുമെന്ന് നിശ്ചയമില്ല.ഇതൊന്നും വെറും കഥയല്ല.യഥാര്‍ത്ഥ ജീവിതം.ഗള്‍ഫുകാരനെന്നാല്‍ നാട്ടിലെല്ലാമായി.എന്നാല്‍ മററു ചിലരുടെ സ്വാര്‍ത്ഥതയ്ക്കു മുന്നില്‍ നഷ്ടപ്പെടുന്നത് ഓരോ ജീവിതങ്ങളാണ്.ആടുകളുടെ കൂട്ടത്തില്‍ ആടുകളായി കഴിഞ്ഞ എത്ര നജീബുമാര്‍..അവര്‍ക്കെല്ലാം വേണ്ടി എഴുത്തുകാരന്‍റെ സാന്ത്വനമാണീ നോവല്‍.

No comments: