Tuesday, October 15, 2013

"നീര്" ഷോര്‍ട്ട് ഫിലിം
MUST WATCH.....
click here to watch NEERU shortfilm

Monday, September 24, 2012

തിലകന് ആദരാഞ്ജലികള്‍...

ആദരാഞ്ജലികള്‍......

 അഭിനയ ശൈലീമികവിലൂടെ മലയാള സിനിമാ ലോകത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയനടന്‍ തിലകന്‍ തന്റെ കഥാപാത്രങ്ങളിലൂടെ ഇനി എന്നെന്നും ജീവിക്കും...
സിനിമാതറവാട്ടിലെ കാരണവര്‍ക്ക് കാക്കത്തൊള്ളായിരം പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു....!!!

Monday, August 27, 2012

തിരുവോണാശംസകള്‍.....

       കാര്‍ഷിക സമൃദ്ധിയുടെ നന്മയും ഓണപ്പൂക്കളുടെ സൗന്ദര്യവും മലയാളനാടിന്റെ സംസ്കാരവും ഒത്തുചേര്‍ന്ന ഓണക്കാലം വരവായി.......
       മാറുന്ന കാലത്തിന് ചലിക്കുന്ന മൗസുമായി ഒരോണക്കാലം...കൈനിറയെ ഓഫറുകളും, പ്ലാസ്റ്റിക് പൂക്കളുമായി എല്ലാ മലയാളികള്‍ക്കും....

                ഓണാശംസകള്‍....

Tuesday, July 17, 2012

കവിത - തവള


കവിത
തവള
തവള കരഞ്ഞു
വീണ്ടും,വീണ്ടും..
അലറിക്കൂവി ഉച്ചത്തില്‍
ശബ്ദമതങ്ങനെപൊങ്ങീ വാനില്‍,
പക്ഷേ ഫലമത് കണ്ടില്ല!
കേട്ടു മറ്റൊരു പേക്രോം ശബ്ദം,
ടിവി സ്ക്രീനിലെ മഴയത്ത്...
പേക്രോം പാട്ടില്‍ നനഞ്ഞ് കുളിച്ച്
അവനും വന്നു മുറ്റത്ത്...
ഇരുവരുമങ്ങനെ പാടീ വീണ്ടും
"പേക്രോംക്രോം" എന്നുച്ചത്തില്‍
അങ്ങനെ വന്നൂ പത്തും ശതവും
ആയിരവും അവര്‍ പിന്നാലെ!
തവളകളങ്ങനെ പാടീ വീണ്ടും,
ഉച്ചത്തില്‍ പിന്നുച്ചത്തില്‍..
പാടിപ്പാടി തൊണ്ടകള്‍ പൊട്ടി,
അലറിക്കൂവി എന്നിട്ടും..
ഉണര്‍ന്നൂ മാനവര്‍,കാടുകള്‍,വയലുകള്‍
മൃഗവും പിന്നെ പക്ഷികളും,
പാമ്പും കാറ്റും കടലും അതിലെ
മത്സ്യക്കൂട്ടമതോരോന്നും!
ഉണര്‍ന്നവരെല്ലാം കൂടെപ്പാടി
ഒന്നായെന്നൊരു രാഗത്തില്‍..
തന്നുടെ മക്കള്‍ ഒന്നായെനാനൊരു
വാക്യം കേട്ടാ നേരത്തില്‍
പൊഴിച്ചൂ കണ്ണീര്‍
ഭൂമിയൊരമ്മ
തന്നുടെ സ്വന്തം മക്കള്‍ക്കായ്..!

കവിത - കാണ്മാനില്ല


കവിത
കാണ്മാനില്ല
കാണ്മാനില്ല,കാണ്മാനില്ല,
എവിടെപ്പോയിത്തിരയും ഞാന്‍?
വാമനന്റെ പാദത്തെ പിന്‍തുടര്‍ന്നെത്തിയ
ഭൂമിയിലും പാതാളത്തിലും
ആകാശത്തിലും...ഇല്ല..
കാറ്റിന്‍ കീശയിലില്ലേയില്ല,
നഗരത്തിങ്കലുമില്ലേയില്ല,
വീടിന്നുള്ളില്‍ കാണ്മാനില്ല,
മനസ്സിന്നുള്ളില്‍ കാണ്മാനില്ല,
നാക്കിലും നോക്കിലും
കൈയിലും കാലിലും ഒന്നും,
ഇല്ല,ഞാന്‍ കണ്ടില്ല.
* * * *
കുഞ്ഞിക്കൂട്ടിലെ കോഴിക്കുഞ്ഞും
തൊഴുത്തില്‍ കെട്ടിയ ആട്ടിന്‍ കുഞ്ഞും
മരവും പൂവും
കിളിയും പാമ്പുംകാറ്റും മണവും
പുഴയും വയലും തോടും പിന്നെ
നമ്മുടെ വിരുതന്‍ അണ്ണാന്‍കുഞ്ഞും,
അന്വേഷിച്ചു, കണ്ടില്ല!
* * * *
എവിടെപ്പോയിയൊളിച്ചൂ നീ?
അറബിക്കടലിന്‍ തീരത്തോ?
മറ്റൊരു ഭൂമിക്കപ്പുറമോ?
രാത്രിക്കപ്പുറം,പകലിന്നപ്പുറം,
പ്ലൂട്ടോക്കപ്പുറമപ്പുറമോ?
ഭൂതമൊളിച്ചാ കുപ്പിയിലോ?
എവിടെപ്പോയിയൊളിച്ചൂ നീ?
* * * *
ഹാവൂ ഞാനത് കണ്ടെത്തി,
ഇപ്പോള്‍ കണ്ണിന്‍ പോള ഉയര്‍ത്തിയ
കുഞ്ഞു മനസ്സിന്‍ ഉള്ളില്‍
കയറിയിരിപ്പല്ലേ!

Friday, June 29, 2012

പുസ്തകാസ്വാദനം-ജീവിതമെന്ന അത്ഭുതം


പുസ്തകാസ്വാദനം                                ജീവിതമെന്ന അത്ഭുതം
ഗ്രന്ഥകാരന്‍:കെ.എസ്.അനിയന്‍
വിഭാഗം :സ്മരണ
ഒരു കാന്‍സര്‍ ചികിത്സാവിദഗ്ദന്റ അനുഭവങ്ങള്‍ ഒരു കഥാകാരന്‍ പകര്‍ത്തുക;തീര്‍ത്തും അപൂര്‍വ്വമായ കൂട്ടുകെട്ടിലൂടെ വാര്‍ന്നു വീണ ഒരു അസാധാരണ കൃതി!നിസ്സംഗനായ ഒരു കാഴചക്കാരന്‍ മാത്രമായി മാറിനില്‍ക്കാത്ത ഡോക്ടര്‍.വി..ഗംഗാധരന്‍ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്ത് ജീവിച്ച് തീര്‍ക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാന്‍ വേഗത്തില്‍ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങള്‍.
മുപ്പത്തൊന്ന് ഭാഗങ്ങളായി മറക്കാനാവാത്ത, മനസ്സിന്റെ അടിത്തട്ടില്‍ സ്പര്‍ശിക്കുന്ന ഡോ.വി.പി.ഗംഗാധാരന്റെ ജീവിതാനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു, കെ.എസ്.അനിയന്‍ എന്ന ചെറുകഥാകൃത്ത്. 'വലിയ തമാശക്കാരന്‍' എന്ന തലക്കെട്ടോടെ നല്‍കിയ 'അബ്ദു' എന്നയാളുടെ വേദനാജനകമായ അനുഭവം ഏതൊരാളെയും കരയിക്കാന്‍ പോന്നതാണ്.
'ലിംഫോമിയ' അഥവാ ലിംഫ് ഗ്രന്ഥികളില്‍ കാന്‍സര്‍ ബാധിച്ചയാളാണ് അബ്ദു. തന്റെ ജീവിതത്തെ ഒരു വലിയ തമാശയായി ഏറ്റെടുത്തുകൊണ്ട് ഏവരേയും ചിരിപ്പിക്കുന്നയാളായിരുന്നു അബ്ദു. രക്ഷപ്പെടാനുള്ള പഴുതുകള്‍ ഏറെക്കുറെ അടഞ്ഞ വിധത്തിലായിരുന്നു. ആലുവാക്കാരനായ അദ്ദേഹം, ആലുവയില്‍ നിന്നും വരുന്ന അരിച്ചാക്ക് ലോറിയിലെ പണിക്കാരനായിരുന്നു. അരി കൊണ്ട് വരുന്ന വരവിലാണ് അയാളുടെ കീമോ തെറാപ്പി. ഒടുവില്‍ കാന്‍സറെന്ന ഭീകരന്റെ പിടിയില്‍ നിന്നും മോചിതനാവുകയാണദ്ദേഹം. എന്നാല്‍ കുറേ നാളുകള്‍ക്കു ശേഷം ചെക്കപ്പിനുള്ള ദിവസം കഴിഞ്ഞും അയാള്‍ വന്നില്ല. ഏറെ നാള്‍ കഴിഞ്ഞ് അബ്ദുവെത്തി, പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു തമാശയുമായി. അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്നു, . സി. യുവിലായിരുന്നു. കാന്‍സര്‍ രോഗിയായൊരാള്‍ രോഗം ഭേദമായുടന്‍ ഒരു ഹൃദ്രോഗിയായതില്‍ ചിരി പൂണ്ടായിരുന്നു അബ്ദുവിന്റെ സംസാരം! വളരെയധികം നാളുകള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി അബ്ദു മരിച്ച വിവരമാണ് വായനക്കാരംത്തേടിയെത്തുന്നത്.
അതുപോലെത്തന്നെ മറ്റൊരു ദുഃഖസാന്ദ്രമായ ഭാഗമാണ് 'കുട്ടികളുടെ വാര്‍ഡ്.' ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സറുമായി അവിടെയെത്തുന്ന രണ്ടുവയസ്സുകാരിയായിരുന്നു അനുഷ. നിശ്ശേഷം ഭേദമാവുന്ന അവസ്ഥയിലായിരുന്നു അവള്‍. എന്നാല്‍ ചികിത്സ നടന്നുകൊണ്ടിരിക്കെ ഗള്‍ഫില്‍ പണക്കൊയ്ത്തു നടത്തിക്കൊണ്ടിരുന്ന അച്ഛനമ്മമാര്‍ കുട്ടിയെ സ്വന്തം നാട്ടില്‍ ചികിത്സിക്കാനായി അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയാണ്. എന്നാല്‍ അനുഷ, പിന്നീട് മരിച്ച വിവരമാണ് ഡോക്ടര്‍ അറിയുന്നത്! വായനക്കാരന്റെ തൊണ്ട വറ്റിക്കുന്ന അവസ്ഥകള്‍! ഹൃദയത്തിന്റെ മടിത്തട്ടില്‍ കണ്ണീര്‍ വീഴുന്ന ഇനിയുമെത്രയോ അനുഭവങ്ങള്‍
മറ്റൊരാളുടെ അനുഭവം എന്നതിലുപരി സ്വന്തം അനുഭവമെന്ന തോന്നിക്കും വിധമാണ് കെ.എസ്.അനിയന്റെ രചന! ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊവുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്നമാണ് ഈ പുസ്തകം.