Tuesday, July 17, 2012

കവിത - കാണ്മാനില്ല


കവിത
കാണ്മാനില്ല
കാണ്മാനില്ല,കാണ്മാനില്ല,
എവിടെപ്പോയിത്തിരയും ഞാന്‍?
വാമനന്റെ പാദത്തെ പിന്‍തുടര്‍ന്നെത്തിയ
ഭൂമിയിലും പാതാളത്തിലും
ആകാശത്തിലും...ഇല്ല..
കാറ്റിന്‍ കീശയിലില്ലേയില്ല,
നഗരത്തിങ്കലുമില്ലേയില്ല,
വീടിന്നുള്ളില്‍ കാണ്മാനില്ല,
മനസ്സിന്നുള്ളില്‍ കാണ്മാനില്ല,
നാക്കിലും നോക്കിലും
കൈയിലും കാലിലും ഒന്നും,
ഇല്ല,ഞാന്‍ കണ്ടില്ല.
* * * *
കുഞ്ഞിക്കൂട്ടിലെ കോഴിക്കുഞ്ഞും
തൊഴുത്തില്‍ കെട്ടിയ ആട്ടിന്‍ കുഞ്ഞും
മരവും പൂവും
കിളിയും പാമ്പുംകാറ്റും മണവും
പുഴയും വയലും തോടും പിന്നെ
നമ്മുടെ വിരുതന്‍ അണ്ണാന്‍കുഞ്ഞും,
അന്വേഷിച്ചു, കണ്ടില്ല!
* * * *
എവിടെപ്പോയിയൊളിച്ചൂ നീ?
അറബിക്കടലിന്‍ തീരത്തോ?
മറ്റൊരു ഭൂമിക്കപ്പുറമോ?
രാത്രിക്കപ്പുറം,പകലിന്നപ്പുറം,
പ്ലൂട്ടോക്കപ്പുറമപ്പുറമോ?
ഭൂതമൊളിച്ചാ കുപ്പിയിലോ?
എവിടെപ്പോയിയൊളിച്ചൂ നീ?
* * * *
ഹാവൂ ഞാനത് കണ്ടെത്തി,
ഇപ്പോള്‍ കണ്ണിന്‍ പോള ഉയര്‍ത്തിയ
കുഞ്ഞു മനസ്സിന്‍ ഉള്ളില്‍
കയറിയിരിപ്പല്ലേ!

No comments: