Tuesday, July 17, 2012

കവിത - തവള


കവിത
തവള
തവള കരഞ്ഞു
വീണ്ടും,വീണ്ടും..
അലറിക്കൂവി ഉച്ചത്തില്‍
ശബ്ദമതങ്ങനെപൊങ്ങീ വാനില്‍,
പക്ഷേ ഫലമത് കണ്ടില്ല!
കേട്ടു മറ്റൊരു പേക്രോം ശബ്ദം,
ടിവി സ്ക്രീനിലെ മഴയത്ത്...
പേക്രോം പാട്ടില്‍ നനഞ്ഞ് കുളിച്ച്
അവനും വന്നു മുറ്റത്ത്...
ഇരുവരുമങ്ങനെ പാടീ വീണ്ടും
"പേക്രോംക്രോം" എന്നുച്ചത്തില്‍
അങ്ങനെ വന്നൂ പത്തും ശതവും
ആയിരവും അവര്‍ പിന്നാലെ!
തവളകളങ്ങനെ പാടീ വീണ്ടും,
ഉച്ചത്തില്‍ പിന്നുച്ചത്തില്‍..
പാടിപ്പാടി തൊണ്ടകള്‍ പൊട്ടി,
അലറിക്കൂവി എന്നിട്ടും..
ഉണര്‍ന്നൂ മാനവര്‍,കാടുകള്‍,വയലുകള്‍
മൃഗവും പിന്നെ പക്ഷികളും,
പാമ്പും കാറ്റും കടലും അതിലെ
മത്സ്യക്കൂട്ടമതോരോന്നും!
ഉണര്‍ന്നവരെല്ലാം കൂടെപ്പാടി
ഒന്നായെന്നൊരു രാഗത്തില്‍..
തന്നുടെ മക്കള്‍ ഒന്നായെനാനൊരു
വാക്യം കേട്ടാ നേരത്തില്‍
പൊഴിച്ചൂ കണ്ണീര്‍
ഭൂമിയൊരമ്മ
തന്നുടെ സ്വന്തം മക്കള്‍ക്കായ്..!

കവിത - കാണ്മാനില്ല


കവിത
കാണ്മാനില്ല
കാണ്മാനില്ല,കാണ്മാനില്ല,
എവിടെപ്പോയിത്തിരയും ഞാന്‍?
വാമനന്റെ പാദത്തെ പിന്‍തുടര്‍ന്നെത്തിയ
ഭൂമിയിലും പാതാളത്തിലും
ആകാശത്തിലും...ഇല്ല..
കാറ്റിന്‍ കീശയിലില്ലേയില്ല,
നഗരത്തിങ്കലുമില്ലേയില്ല,
വീടിന്നുള്ളില്‍ കാണ്മാനില്ല,
മനസ്സിന്നുള്ളില്‍ കാണ്മാനില്ല,
നാക്കിലും നോക്കിലും
കൈയിലും കാലിലും ഒന്നും,
ഇല്ല,ഞാന്‍ കണ്ടില്ല.
* * * *
കുഞ്ഞിക്കൂട്ടിലെ കോഴിക്കുഞ്ഞും
തൊഴുത്തില്‍ കെട്ടിയ ആട്ടിന്‍ കുഞ്ഞും
മരവും പൂവും
കിളിയും പാമ്പുംകാറ്റും മണവും
പുഴയും വയലും തോടും പിന്നെ
നമ്മുടെ വിരുതന്‍ അണ്ണാന്‍കുഞ്ഞും,
അന്വേഷിച്ചു, കണ്ടില്ല!
* * * *
എവിടെപ്പോയിയൊളിച്ചൂ നീ?
അറബിക്കടലിന്‍ തീരത്തോ?
മറ്റൊരു ഭൂമിക്കപ്പുറമോ?
രാത്രിക്കപ്പുറം,പകലിന്നപ്പുറം,
പ്ലൂട്ടോക്കപ്പുറമപ്പുറമോ?
ഭൂതമൊളിച്ചാ കുപ്പിയിലോ?
എവിടെപ്പോയിയൊളിച്ചൂ നീ?
* * * *
ഹാവൂ ഞാനത് കണ്ടെത്തി,
ഇപ്പോള്‍ കണ്ണിന്‍ പോള ഉയര്‍ത്തിയ
കുഞ്ഞു മനസ്സിന്‍ ഉള്ളില്‍
കയറിയിരിപ്പല്ലേ!